ബ്ലോക്ക് പഞ്ചായത്തിൻ്റെ ചരിത്രം
ഐശ്വര്യത്തിൻറെ സൂചകമായ “മുല്ലൈയും” ഗ്രാമം എന്ന അർത്ഥത്തിൽ ചേരിയും ചേർന്ന “മുല്ലൈ ചേരി”കാർഷിക പ്രാധാന്യമുള്ള ഈ പ്രദേശത്തിന്റെ ഐശ്വര്യ സമൃദ്ധിയെത്തന്നെയാണ് സൂചിപ്പിക്കുന്നത്. പൊതുവെ കാർഷിക പ്രാധാന്യമുള്ള പ്രദേശങ്ങൾ ഉൾക്കൊള്ളുന്ന ഈ ബ്ലോക്ക് പഞ്ചായത്ത് പ്രദേശങ്ങൾ ചരിത്രപരമായി ഒട്ടേറെ ഐതിഹ്യങ്ങൾക്കും സംഭവങ്ങൾക്കും സാക്ഷ്യം വഹിച്ചിട്ടുണ്ട്. പഴയ കൊച്ചിരാജ്യത്തിൽ പെട്ടതും പിന്നീട് സാമൂതിരി രാജ്യത്തിൽ ഉൾപ്പെട്ടതുമായ പ്രദേശമാണിത്. എളവള്ളി, പാവറട്ടി, മുല്ലശ്ശേരി, വെങ്കിടങ്ങ് എന്നീ നാല് ഗ്രാമപഞ്ചായത്തുകൾ ചേർന്നതാണ് മുല്ലശ്ശേരി ബ്ലോക്ക് പഞ്ചായത്ത്. ഈ നാല് പഞ്ചായത്തുകളിലായി മുല്ലശ്ശേരി ബ്ലോക്ക് പഞ്ചായത്തിന് കൈമാറിക്കിട്ടിയ സ്ഥാപനങ്ങൾ, ഉദ്യോഗസ്ഥർ എന്നിവ വഴി പൊതുജനങ്ങൾക്ക് ലഭിക്കുന്ന ഭരണപരവും വികസനപരവും ക്ഷേമപരവും നിയന്ത്രണപരവുമായ സേവനങ്ങൾ എന്തൊക്കെയാണെന്നും ഇവ ലഭിക്കുന്നതിനുള്ള വ്യവസ്ഥകൾ, കാലപരിധി, ആർക്കാണ് അപേക്ഷിക്കേണ്ടത് എന്നിവ ഈ പൗരാവകാശ രേഖയിൽ പ്രതിപാദിക്കുന്നു.
കേരള പഞ്ചായത്ത് രാജ് നിയമത്തിന്റെ അടിസ്ഥാന ശിലകളിൽ പ്രധാനമാണ് സുതാര്യത. ഭരണപരവും, വികസനപരവും, നിയന്ത്രണപരവുമായ എല്ലാ പ്രവർത്തനങ്ങളും ജനങ്ങൾക്ക് അറിയാനും അതിലിടപെടാനുമുള്ള അവകാശം നിയമപരമായി ഉറപ്പുവരുത്തുവാനുമാണ് സുതാര്യത എന്ന തത്വം സ്വീകരിച്ചിട്ടുള്ളത്. വിട്ടുകിട്ടിയ സ്ഥാപനങ്ങളുടെ സംവിധാനവും പ്രവർത്തനവും നൽകുന്ന സേവനങ്ങളും അതിന്റെ വ്യവസ്ഥകളും പൊതുജനങ്ങൾക്ക് യഥാസമയം അറിയേണ്ടതായിട്ടുണ്ട്.